സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടുകൾ ധാരണാപത്രം ഒപ്പുവച്ചു കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻഐടിസി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരവും (ഐഐഎസ്ടി) ഗവേഷണം, അക്കാദമികം തുടങ്ങി പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. സഹകരണം വർദ്ധിപ്പിക്കുന്നതിന്, ഒരു ഓൺലൈൻ കോൺഫറൻസിലൂടെ രണ്ട് സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എംടെക്, പിഎച്ച്ഡി എന്നിവയുടെ സംയുക്ത മേൽനോട്ടം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെ നടപ്പാവും. ഇത് കൂടാതെ പ്രോജക്ടുകൾ നടത്തുകയും കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യാനും ധാരണാപത്രം ലക്ഷ്യം വയ്ക്കുന്നു . ഈ സഹകരണം ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവേഷണം, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാൻ ഈ ധാരണാപത്രം ഇരു സ്ഥാപനങ്ങളെയും സഹായിക്കുമെന്ന് എൻഐടിസിക്കു വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവച്ച എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ധാരണാപത്രം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാണെന്നും അതിനായി ഈ കൂട്ടുകെട്ട് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.ടെക്/പി.എച്ച്.ഡി പ്രോഗ്രാമുകളിലുള്ള സഹകരണം വിദ്യാർത്ഥികൾക്ക് രണ്ട് സ്ഥാപനങ്ങളിലെയും ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിക്കാൻ വഴിയൊരുക്കും. അക്കാദമിക്, ഗവേഷണ മേഖലകളിലെ മെറിറ്റ് പരിഗണിച്ചായിരിക്കും ഇതിലേക്കായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. സംയോജിതമായി ഗവേഷണങ്ങളിൽ ഏർപ്പെടുക മാത്രമല്ല ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികളും പഠനങ്ങളും പ്രോത്സാഹിപ്പിക്കാനും സാധിക്കണമെന്നും അതിനായി ധാരണാപത്രത്തിന്റെ ശരിയായ തുടർനടപടികളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ഐഐഎസ് ടി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ധാരണാപത്രം രണ്ട് സ്ഥാപനങ്ങൾക്കും കൂടുതൽ മികച്ച അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണാപത്രത്തിന്റെ നിബന്ധനകൾ അനുസരിച്ച്, കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, മറ്റ് അക്കാദമിക് മീറ്റിംഗുകൾ എന്നിവ നടത്താൻ എൻ ഐ ടി സി യും ഉം ഐ ഐ എസ് ടി യും സഹകരിക്കും. കൂടാതെ, ഗവേഷണത്തിലും കൺസൾട്ടൻസിയിലുമുള്ള സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ചും സ്ഥാപനങ്ങൾ പഠിക്കും. 2024 ഡിസംബർ 13 മുതൽ 15 വരെ കോഴിക്കോട് എൻ ഐ ടി യിൽ നടക്കാനിരിക്കുന്ന കോൺഫറൻസ് ഓൺ പ്രിസിഷൻ എഞ്ചിനീയറിംഗ് (COPEN) 13 ന്റെ പ്രവർത്തനങ്ങൾക്കും വീഡിയോ കോണ്ഫറന്സ് തുടക്കം കുറിച്ചു. പരിപാടിയുടെ നടത്തിപ്പിൽ ഐ ഐ എസ് ടി തിരുവനന്തപുരവും ഐ ഐ ടി പാലക്കാടും എൻ ഐ ടി സി യുമായി കൈകോർക്കും. സെന്റർ ഫോർ ഇൻഡസ്ട്രി – ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് (സിഐഐആർ) ചെയർപേഴ്സൺ പ്രഫ. ജോസ് മാത്യു, കോപ്പൻ 13 ന്റെ ഉപദേശക സമിതി ചെയർമാൻ ശ്രീ രവി രാഘവൻ, കോപ്പൻ 13ന്റെ ഉപദേശക സമിതി കോ-ചെയർമാൻ പ്രൊഫ. വി രാധാകൃഷ്ണൻ എന്നിവരും രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും മുതിർന്ന അധ്യാപകരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.
ഗവേഷണ, അക്കാദമിക് മേഖലകളിൽ സഹകരിക്കാൻ എൻഐടി കാലിക്കറ്റും ഐഐഎസ് ടി തിരുവനന്തപുരവും

