കലാപങ്ങള്‍ സമാധാനം കെടുത്തുന്ന മണിപ്പൂരിന്റെ ദുരിത കാഴ്ചയായി ജോസഫ്സ് സണ്‍ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഹോബം പബന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം കാണാതായ മകനെ തേടിയുള്ള ഒരു അച്ഛന്റെ യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മണിപ്പൂരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടിയാണ് പങ്കുവെക്കുന്നത്. ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ജനപ്രീതി നേടിയ ഈ ചിത്രം ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ജന്മശതാബ്ദി വര്‍ഷത്തില്‍ മൃണാള്‍സെന്നിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം പ്രമേയമാക്കി ശ്രീജിത് മുഖര്‍ജി ഒരുക്കിയ പടടിക്, ഗുജറാത്തി ചിത്രം കായോ കായോ കളര്‍, മറാത്തി ചിത്രങ്ങളായ ഘാത്ത്, ഫോളോവര്‍, ആസാമീസ് ചിത്രം റാപ്ചര്‍, ഉത്തം കമഠി ഒരുക്കിയ ഖേര്‍വാള്‍ തുടങ്ങി ഏഴു ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

