നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്കായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ജൂലായ് 27-നായിരുന്നു സംഭവം. ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്‍. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ താമസക്കാരിയുമായ 17-കാരിയാണ് പോലീസുകാരന്റെ അതിക്രമത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി 17-കാരി പ്രണയത്തിലായിരുന്നു. ജൂലായ് 27-ാം തീയതി ബെംഗളൂരുവില്‍ വരാമെന്നും ഒളിച്ചോടാമെന്നും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ചാണ് 17-കാരി ബെംഗളൂരു നഗരത്തിലെ പാര്‍ക്കിലെത്തിയത്. എന്നാല്‍ അന്നേദിവസം പെണ്‍കുട്ടിയുടെ മെസേജുകള്‍ക്കൊന്നും കാമുകന്‍ മറുപടി നല്‍കിയില്ല. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇതോടെ എങ്ങോട്ട് പോകുമെന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ തന്നെ ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസുകാരനായ പവന്‍ പാര്‍ക്കില്‍ ഒറ്റയ്ക്കിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്നും ഇപ്പോള്‍ വീട്ടിലേക്ക് പോകാമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിലേക്കാണ് പോലീസുകാരന്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിറ്റേദിവസം അഞ്ഞൂറ് രൂപ നല്‍കി പെണ്‍കുട്ടിയെ മെജസ്റ്റിക് ബസ് ടെര്‍മിനലില്‍ കൊണ്ടുവിടുകയുമായിരുന്നു.
ഇതിനിടെ, പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, ബെംഗളൂരുവില്‍നിന്ന് ബസ് കയറിയ പെണ്‍കുട്ടി ചാമരാജനാഗറിലെ കാമുകന്റെ വീട്ടിലേക്കാണ് പോയത്. കാമുകന്റെ പിതാവിനെ നേരിട്ടുകണ്ട 17-കാരി മകനുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തി. ഇയാള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. അങ്കലാപ്പിലായ പിതാവ് ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വനിതാ പോലീസെത്തി മൊഴിയെടുത്തതോടെയാണ് പോലീസുകാരന്‍ പീഡിപ്പിച്ച വിവരമടക്കം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ പിന്നീട് ബെംഗളൂരുവിലെത്തിച്ച പോലീസ് സംഘം, പരാതി എഴുതി വാങ്ങുകയും പോലീസുകാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിലായ പവന്‍ കഴിഞ്ഞവര്‍ഷമാണ് പോലീസ് സേനയില്‍ ജോലിക്ക് കയറിയത്. പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.