ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍ ഗാഥ.
ഒരിക്കല്‍ കൂടി ഇന്ത്യ ടി20 ലോക ചാമ്പ്യന്‍മാര്‍. 2007ല്‍ പ്രഥമ കിരീടം നേടിയ ശേഷമുള്ള അഭിമാന നിമിഷം. ഇതോടെ രണ്ട് ലോക കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പേരെഴുതി ചേര്‍ക്കാനും ഇന്ത്യക്കായി. നടകീയതയും ആവേശവും അവസാന ഓവര്‍ വരെ നീണ്ട ഉദ്വേഗവും ഫൈനല്‍ ഒരു വിരുന്നാക്കി മാറ്റാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു.