കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യത്തോടെയുള്ള തീപ്പൊള്ളൽ യൂണിറ്റ് തുടങ്ങാൻ കേന്ദ്രാനുമതി. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തെത്തുടർന്നാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ‘പ്രിവെൻഷൻ ആൻഡ് മാനേജ്‌മെന്റ് ഓഫ് ബേൺ ഇൻജുറീസ്’ എന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപ്പൊള്ളൽ യൂണിറ്റ് തുടങ്ങുന്നത്. മൊത്തം ചെലവുവരുന്ന 3.46 കോടി രൂപയിൽ 60 ശതമാനം കേന്ദ്രവും മിച്ചം സംസ്ഥാനസർക്കാരും വഹിക്കും. രണ്ടിന്റെയും ആദ്യഗഡു അനുവദിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
2016-ലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺസ് ഐ.സി.യു. ആരംഭിച്ചത്. പ്ലാസ്റ്റിക് സർജറി വാർഡായ 25-ലാണ് നിലവിൽ ബേൺസ് ഐ.സി.യു. പ്രവർത്തിക്കുന്നത്. എലത്തൂർ തീവണ്ടി തീവെപ്പ് സംഭവത്തിൽ പൊള്ളലേറ്റ മൂന്നു പേരെയും ഇവിടെയാണ് ചികിത്സിച്ചിരുന്നത്.