കോഴിക്കോട് കാപ്പ ചുമത്തി രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ അറസ്റ്റ് ചെയ്തു
കോഴിക്കോട് ജില്ലയില്‍ രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജുഎന്ന ടിങ്കു (32), കുറ്റിക്കാട്ടൂര്‍ സ്വദേശി ബുഷര്‍ ജംഹര്‍(29) എന്നിവരെയാണ്
അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം സബ്ബ് ഇന്‍സ്പെക്ടര്‍ അഷ്റഫും നടക്കാവ് സബ്ബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥും സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഷിജു എന്ന ടിങ്കു വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം മുമ്പ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് പോലീസുക്കാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതുമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ കേസില്‍ ഈയിടെയാണ് ടിങ്കു ജാമ്യത്തിലിറങ്ങിയത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ബുഷര്‍ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി എ.അക്ബര്‍ ഐപിഎസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ല കളക്ടറാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി എ.ഉമേഷിന്റെ നേതൃത്വത്തില്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സ്ഥിരമായി കേസുകളില്‍ ഉള്‍പ്പെട്ട ശേഷം ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവണ്മെന്റ് തലത്തില്‍ കാപ്പ നിയമം കര്‍ശനമായി നടപ്പില്‍ വരുത്താന്‍ തീരുമാനിക്കുകയും ആയതിന് കാവല്‍ എന്നപേരില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങള്‍ കാവല്‍ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും
ഡപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന് ഐപിഎസ് അറിയിച്ചു.
സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിജേഷ്, രാജീവ് ,പ്രജിന് ലാല്‍, വിഷോബ്, ഗിരീഷ് നടക്കാവ് പോലീസ് സ്റ്റേഷനിലെ ബഷീര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

