ഉത്തർപ്രദേശിൽ ഒരു മാസം പ്രായമുള്ള കൊച്ചു മകളെ തട്ടിക്കൊണ്ട് പോയി കാമുകിക്ക് സമ്മാനിച്ച 56 കാരൻ അറസ്റ്റിൽ. ബിജ്‌നോർ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ കുട്ടിയെ വാങ്ങിയ കാമുകിയെയും ഭർത്താവിനെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ കൂലിത്തൊഴിലാളിയായ സഫർ അയൽക്കാരിയുമായി മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി കുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്ന ആഗ്രഹം കാമുകനോട് പങ്ക് വെച്ചു .
സഫറിന്റെ മകൾക്ക് ഈ കുട്ടിയുൾപ്പെടെ നാല് മക്കളുണ്ട്. നാലാമത്തെ കുഞ്ഞ് ജനിച്ച സമയത്ത് ഇതിനെ തനിക്ക് തരാമോയെന്ന് സഫർ മകളോട് ചോദിച്ചു. എന്നാൽ മകളും മരുമകനും ആവശ്യം നിരാകരിച്ചതോടെ ഒരു മാസം പ്രായമായ കുട്ടിയെ പ്രതി തട്ടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 20-ന് രാത്രി ബിജ്‌നോറിലെ നാഗിനയില്‍ മരുമകന്റെ വീട്ടിലെത്തിയ പ്രതി, എല്ലാവരും ഉറങ്ങുന്നതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഇതോടെ പ്രതിയുടെ മരുമകനായ കാസിം അഹമ്മദ് പോലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതിനിടെ കുട്ടിയെ ലഭിച്ച കാമുകിയും ഭർത്താവും സ്വദേശമായ ബിഹാറിലേക്ക് കടന്നു. അവിടെ എത്തിയാണ് പോലീസ് അവരെ കാസ്റ്റഡിയിൽ എടുത്തത്.