മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി
നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയില്‍. കെഎല്‍ 11 എ എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും കലക്ടര്‍ ഡ്രൈവർക്ക് നിർദേശം നൽകി.
ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ലാ ഭരണ കൂടത്തിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് മലാപ്പറമ്പ്,-തൊണ്ടയാട് ബൈപാസ് റോഡ് ശുചീകരിച്ചത്.
321എന്‍എസ്എസ് വളണ്ടിയര്‍മാരും നാഷണല്‍ ഹൈവേ അതോറിറ്റിയും നമ്മുടെ കോഴിക്കോട് ടീമംഗങ്ങളും ഏഴ് ദിവസം കൊണ്ടാണ് രണ്ടര കിലോമീറ്റര്‍ വരുന്ന സ്ഥലം വൃത്തിയാക്കിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് വാഹനം പിടികൂടിയത്.
ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് : അടുത്ത ബാച്ച് മെയ് 15 ന് തുടങ്ങും
പ്ലേസ്മെന്റോടു കൂടി കുഴല്‍മന്ദം ഗവ. ഐടിഐയില്‍ നടത്തിവരുന്ന മൂന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് മെയ് 15 -ന് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ.്എല്‍.സി. കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9061899611.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ എല്‍. ഡി. ക്ലാര്‍ക്ക് (വിമുക്തഭടന്‍മാര്‍ക്കു വേണ്ടി മാത്രം) (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍: 377/2014) തസ്തികയിലേയ്ക്ക് 2016 ഡിസംബര്‍ 27 ന് നിലവില്‍ വന്ന റാങ്ക് പട്ടിക, മാതൃ റാങ്കുപട്ടികയുടെ കാലാവധിക്കുള്ളില്‍ ഉണ്ടായ എന്‍.സി.എ ഒഴിവുകളെല്ലാം നികത്തപ്പെട്ടിട്ടുള്ളതിനാല്‍ റദ്ദായതായി ജില്ലാ പി.എസ.സി. ഓഫീസര്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ യുദ്ധത്തില്‍ മരിച്ച ഭടന്‍മാരുടെ ഭാര്യമാര്‍/കുട്ടികള്‍, വിമുക്ത ഭടന്മാര്‍/ ആശ്രിതര്‍ എന്നിവര്‍ക്കായി കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ് നടത്തുന്നു. അര്‍ഹരായവര്‍ക്ക് ഏപ്രില്‍ 20 -നകം കോഴിക്കോട് സൈനിക ക്ഷേമ ഓഫീസില്‍ കോഴ്സിനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0495 2771881.
ഹരിത തെരഞ്ഞെടുപ്പ്: തെരുവു നാടക സംഘം പര്യടനം തുടങ്ങി
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തെരുവു നാടക, ഫ്ളാഷ് മോബ് സംഘം ജില്ലയില്‍ പര്യടനം തുടങ്ങി. സിവില്‍ സ്റ്റേഷനില്‍ കലക്ടര്‍ എസ്. സാംബശിവ റാവു ഫ്‌ലാഗ് ഓഫ് ചെയ്തു. എ.ഡി.എം. എന്‍ പ്രേമചന്ദ്രന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച കുന്ദമംഗലം, ഈങ്ങാപ്പുഴ, തിരുവമ്പാടി, ഓമശ്ശേരി, മുക്കം, പൂവാട്ടുപറമ്പ്, ബേപ്പൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.
ബുധന്‍(മാര്‍ച്ച് 31), വ്യാഴം(ഏപ്രില്‍ ഒന്ന്) ദിവസങ്ങളില്‍ പര്യടനം തുടരും.
ബുധന്‍: രാവിലെ ഒന്‍പതിന് അത്തോളി, 10- ന് ഉളേള്യരി, 11 -ന് പേരാമ്പ്ര, 12 -ന് കുറ്റ്യാടി, ഉച്ച ഒരു മണിക്ക് -പുറമേരി, രണ്ട് മണിക്ക് ഏറാമല, മൂന്നിന് വടകര, നാലിന് കൊയിലാണ്ടി, അഞ്ചിന് കാപ്പാട് ബീച്ച്്.
വ്യാഴം: രാവിലെ ഒന്‍പതിന് ചേളന്നൂര്‍, 10 -ന് കാക്കൂര്‍, 11- ന് നരിക്കുനി, 12 -ന് നന്മണ്ട, ഉച്ച ഒരു മണിക്ക് ബാലുശ്ശേരി, രണ്ട് മണിക്ക് പൂനൂര്‍, മൂന്നിന് ഉണ്ണികുളം.
കരിങ്കോഴികള്‍ വില്പനയ്ക്ക്
ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരിങ്കോഴികളെ 350 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക്. ഫോണ്‍: 0495 2287481
ഗതാഗത നിയന്ത്രണം
കോഴിക്കോട് ബാലുശ്ശേരി റോഡില്‍ കരിക്കാംകുളത്തിനും വേങ്ങേരിക്കുമിടയില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച് (മാര്‍ച്ച് 31) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിയന്ത്രിച്ചു. ഇതുവഴി കോഴിക്കോട് ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ വേങ്ങേരിയില്‍ നിന്ന് തിരിഞ്ഞ് മലാപ്പറമ്പ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ് : വില്ലേജ്/ താലുക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഇതുവരെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അപേക്ഷാഫോറം (ഫോം 12) എല്ലാ വില്ലേജ്/താലുക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ പകര്‍പ്പ് സഹിതം ചെന്ന് അപേക്ഷാഫോറം കൈപ്പറ്റാവുന്നതാണെന്ന് അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.