രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജനി കൂട്ടിച്ചേര്‍ത്തു. എന്‍ഡി ടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു.