ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. വിധിയിൽ സംതൃപ്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യപ്രതികരണം. ‘പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. എങ്കിലും ഭഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അത് ഞങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. ഭഗവാന്റെ വിധി വേറെയുണ്ട്, അത് വെച്ചിട്ടുണ്ട്.’ രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിവിധിയിൽ സംതൃപ്തരാണെന്നും കോടതി വിധി രക്ഷിച്ചു എന്നുമാണ് രൺജിത് ശ്രീനിവാസന്റെ അമ്മയുടെ വാക്കുകൾ. വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. ‘സത്യസന്ധമായ കാര്യങ്ങൾ അന്വേഷിച്ച് കോടതിയിലെത്തിച്ച ഒരു ടീമുണ്ട്. ഡിവൈഎസ്പി ജയരാജ് സാറും അദ്ദേഹത്തിന്റെ ടീമും. അദ്ദേഹത്തിന് നന്ദി. കൂടാതെ പ്രോസിക്യൂഷൻ. പ്രോസിക്യൂട്ടറുടെ പരിശ്രമത്തിന് നന്ദി പറഞ്ഞ് വിലയിടാൻ പറ്റില്ല. അത്യപൂർവമായ കേസ് തന്നെയാണിത്. വെറുമൊരു കൊലപാതകം എന്ന് എഴുതിത്തള്ളാൻ പറ്റില്ല. വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചുവെച്ചത്. അത് കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്.അത്യപൂർവം തന്നെയാണിത്. എല്ലാവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റില്ല.’ രൺജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു.
രൺജിത് ശ്രീനിവാസൻ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം

