അദാനിക്ക് മറുപടിയുമായി ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്.ദേശീയത കൊണ്ടോ ആരോപണങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ കൊണ്ടോ ചെയ്ത ചതിയെ മറച്ചുപിടിക്കാനാകില്ല. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം ഇന്ത്യക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്നാണ് അദാനി ഗ്രൂപ്പ് നല്കിയ മറുപടി.പ്രധാന്യമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ആരോപണങ്ങള്‍ക്ക് ദേശീയതയുടെ മുഖം നല്‍കുകയാണ് അദാനി ചെയ്തതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശിച്ചു. ഉന്നയിച്ച എല്ലാ പ്രധാന ആരോപണങ്ങളെയും അവഗണിക്കുന്ന പ്രതികരണമാണുണ്ടായത്. ഇതുകൊണ്ടൊന്നും വഞ്ചനയെ ഇല്ലാതാക്കി കാണിക്കാനാകില്ല.
തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായി കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ മറുപടി. ആരോപണങ്ങൾക്ക് 413 പേജുകളിൽ വിശദമായ മറുപടിയാണ് നൽകിയത്. ഓഹരി വിപണി നാളെ പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. കമ്പനിയുടെ വളർച്ചയെ പറ്റി ഹിൻഡൻബർഗ് അവതരിപ്പിച്ച കഥ പച്ചക്കള്ളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ വ്യാജ വിപണി സൃഷ്ടിച്ച് ഓഹരി ഇടപാട് നടത്തി ലാഭമമുണ്ടാക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്നും സ്വാർത്ഥ ലക്ഷ്യമാണ് ഇങ്ങനൊയൊരു റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും മറുപടിയിൽ അദാനിഗ്രൂപ്പ് ആരോപിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യക്കുനേരെ കണക്കുകൂട്ടിയുള്ള ആക്രമണമാണെന്ന് നേരത്തെ അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാനാകില്ലെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ പരാമര്‍ശം.

