യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഒതായി മനാഫിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മനാഫ് വധക്കേസിൽ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ ആണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. നിലമ്പൂർ മുൻ എം.എൽ.എ പി വി അൻവറിന്റെ സഹോദരീ പുത്രൻ ആണ് ഷഫീഖ്.
പിഴ തുകയായ ഒരു ലക്ഷം രൂപ അടച്ചില്ലങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴതുക രണ്ടാം സാക്ഷി ഫാത്തിമക്ക് കൊടുക്കണമെന്നും കോടതി നിർദേശിച്ചു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരി ആണ് ഫാത്തിമ.1995 ഏപ്രിൽ 13നാണ് പള്ളിപ്പറമ്പൻ മനാഫ് ഒതായി അങ്ങാടിയിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ എം.എൽ.എ, പിവി അൻവർ ഉൾപ്പെടെ 26 പേർ പ്രതികളായ കേസിൽ ഒരാൾ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വെറുതെ വിട്ടവർക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞു.30 വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് നിർണായക വിധി.

