Trending

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന് ; ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന് ;
ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മാനുഷിക പ്രശ്‌നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

ദാര്‍ദന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഇത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വബഹുമതിക്ക് ഉടമയായ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, ജര്‍മ്മന്‍ സംവിധായകന്‍ എഫ്.ഡബ്‌ള്യു മുര്‍നോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാവും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് സമകാലിക സെര്‍ബിയന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തല്‍സമയം പശ്ചാത്തല സംഗീതം പകരുന്നത്.

പുനരുദ്ധരിച്ച ക്‌ളാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി.അരവിന്ദന്റെ ‘തമ്പ്’ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച ‘സ്വയംവര’ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനവും മേളയില്‍ ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും.

ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മാങ്ങാട് രത്‌നാകരന്‍ ക്യറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘ നിമിഷം’, അനശ്വരനടന്‍ സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍നിന്നുള്ള 110 മിഴിവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍.ഗോപാലകൃഷ്ണന്‍ തയാറാക്കിയ ‘സത്യന്‍ സ്മൃതി’ എന്നീ പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

കിം കിം ഡുക്കിന്റെ അവസാന ചിത്രം രാജ്യാന്തര മേളയിൽ:-

മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കിം ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്.

സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധിതനായി മരിച്ച കിംമിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂർത്തിയാക്കിയത്.അബ്ലായ് മറാറ്റോവ്, ഷാനൽ സെർഗാസിന എന്നിവർ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത് .

വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ഓട്ടിയർ ഓട്‌സ്‌ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

മത്സര വിഭാഗത്തിൽ പകുതിയും നവാഗതരുടെ ചിത്രങ്ങൾ, മലയാളത്തിൽ നിന്നും അറിയിപ്പും നൻപകൽ നേരത്ത് മയക്കവും:-

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന ചിത്രങ്ങളിൽ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകർ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,ഇറാൻ , ഇസ്രയേൽ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ,ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ .ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔർ ഓൺ , മണിപ്പൂരി സംവിധായകൻ റോമി മൈതേയിയുടെ ഔർ ഹോം എന്നിവയാണ് മല്സര വിഭാഗത്തിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എട്ടു ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. ഇറാനിയൻ സംവിധായകനായ മെഹ്ദിഹസ്സൻ ഫാരിയുടെ ഹൂപ്പോ ,ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം ,മൈക്കേൽ ബോറോഡിൻ ഒരുക്കിയ റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ ,ബോളിവിയൻ ചിത്രം ഉതാമ ,വിയറ്റ്നാം ചിത്രം മെമ്മറിലാൻഡ് ,അമിൽ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാർ ,ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ് ,ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔവർ ഓൺ എന്നിവയാണ് മല്സര വിഭാഗത്തിലെ നവാഗത ചിത്രങ്ങൾ. ഒൻപതു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ലോകത്തിലെ ആദ്യപ്രദർശനവും മത്സര വിഭാഗത്തിലുണ്ട്.

ബർലിൻ ,ജറുസലേം ,റിയോഡി ജനീറ എന്നീ മേളകളിൽ നോമിനേഷൻ നേടിയ ഐഡാൻ ഹേഗ്വൽ ചിത്രം കൺസേൺഡ്‌ സിറ്റിസണും മല്സര വിഭാഗത്തിലുണ്ട്. ടർക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുൻ പിർസെലിമോഗ്ലു ഒരുക്കിയ കെർ എന്ന ചിത്രവും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!