പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കാര്‍ഷിക നിയമങ്ങള്‍, പെഗസസ് എന്നീ വിഷയങ്ങളുന്നയിച്ച് രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചന. ഉപരാഷ്ട്രപതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.
സംഭവം അന്വേഷിക്കാന്‍ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പെഗസസ് വിവാദവും കര്‍ഷക പ്രതിഷേധവും അടക്കം നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരുന്നതു കൊണ്ടാണ് പ്രതിഷേധിച്ചതെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിശദീകരണം. കാര്‍ഷിക നിയമങ്ങള്‍, പെഗസസ് വിഷയങ്ങളിലെ സര്‍ക്കാരിന്റെ കടുംപിടിത്തമാണ് വര്‍ഷകാല സമ്മേളനം പൂര്‍ണമായും ബഹളത്തില്‍ കലാശിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി. പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറില്‍തന്നെ കര്‍ഷക പ്രശ്‌നം ഉന്നയിച്ചു ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളി. ശബ്ദവോട്ടോടെയാണ് എതിര്‍പ്പുകള്‍ക്കിടയിലും ബില്‍ പാസാക്കിയത്.