ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. തനിക്ക് പാലഭിഷേകം നടത്തരുത് എന്നാണ് താരത്തിന്‍റെ പുതിയ അഭ്യര്‍ഥന. ഫ്‌ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍റെ പ്രതികരണം.
“ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക”- സല്‍മാന്‍ ഖാന്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്‍റെ പുതിയ ചിത്രം ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കരുത്. അത് അപകടമാണ്. പടക്കം തിയേറ്ററിനുള്ളില്‍ കടത്തുന്നില്ലെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും താരം ആവശ്യപ്പെട്ടു.
കോവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസറായാണ് സല്‍മാന്‍ എത്തിയത്. കഴിഞ്ഞ ദിവസം തിയറ്ററിൽ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്ക് ബോധവല്‍ക്കരണവുമായി താരം രംഗത്തെത്തിയിരുന്നു.