രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് തൽക്കാലം പിന്മാറുന്നുവെന്ന സൂചന നൽകി സൂപ്പർ താരം രജനീകാന്ത്. ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഫാൻസ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ട്വീറ്റിൽ പറയുന്നു.
കോവിഡ് സാഹചര്യവുംപ്രായാധിക്യവും കണക്കിലെടുത്ത് രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. രജനി തന്റെ ഫാൻസ് അസോസിയേഷനെ ഇത് ചൂണ്ടിക്കാട്ടി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, കത്ത് തന്റേതല്ലെന്നും അതേസമയം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ സത്യമാണെന്നും ട്വീറ്റിൽ പറയുന്നു. 2017ൽ തന്നെ രജനി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2017 ഡിസംബറിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതിന് ശേഷം വിവിധ പാർട്ടികൾ താരത്തെ ഒപ്പം കൂട്ടാൻ ശ്രമം നടത്തിയിരുന്നു.
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ രജനി വ്യക്തമായ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തൽക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന വിവരം പുറത്തുവരുന്നത്.