മൂന്നാഴ്ചയായി ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന ചൊവ്വ, ഇന്ന് ചന്ദ്രെൻറ തൊട്ടരികിൽ. ഭൂമിയുടെ ഉപഗ്രഹവും ചൊവ്വയും തമ്മിലുള്ള സംഗമം രാത്രി നഗ്നനേത്രം കൊണ്ട് കാണാം. ഈ മാസം ആറിന് ഭൂമിയോട് കൂടുതൽ അടുത്തെത്തിയ ചൊവ്വയെ ഇതുവരെ കാണാത്തവർക്ക് ഇത് ഒരു അവസരമാണ് ചന്ദ്രെൻറ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നിൽക്കുന്ന ചൊവ്വയെ രാത്രി ഒമ്പത് മുതൽ പുലർച്ച നാലുവരെ ആകാശത്ത് വ്യക്തമായി കാണാനാവുമെന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു.
ജീവിവർഗമുണ്ടോ എന്ന സ്ഥീരികരണത്തിന് ശാസ്ത്രലോകം ശ്രമം നടത്തുന്നതിനിടെയാണ് ചുവന്നഗ്രഹം ഭൂമിയെ തേടിയെത്തിയത്. ഇപ്പോൾ നഗ്നനേത്രം കൊണ്ട് കാണാവുന്ന രീതിയിൽ പൂർവാകാശത്തെത്തിയ ചൊവ്വ, കഴിഞ്ഞ ആറിനാണ് ഭൂമിയോട് കൂടുതൽ അടുത്തെത്തിയത്. അന്ന് 6,21,70,871 കിലോമീറ്റർ ദൂരത്തിലായിരുന്നു ചൊവ്വയുടെ ഇടം. ഇന്ന് ചന്ദ്രനോടൊപ്പം പ്രത്യക്ഷപ്പെടുന്ന ചൊവ്വക്ക് ചാന്ദ്രപ്രഭയിൽ അൽപം മങ്ങലേൽക്കുമെങ്കിലും വ്യക്തമായ ചുവപ്പുരാശിയോടെ പൂർവാകാശത്ത് കാഴ്ചയുടെ വിരുന്നൊരുക്കും. പുലർച്ച നാലോടെ പ്രഭ നഷ്ടപ്പെട്ട് കാഴ്ചയിൽനിന്ന് ഇല്ലാതാകും.
2021 മാർച്ച് മാസംവരെ ചൊവ്വയെ ഭൂമിയിൽനിന്ന് നിരീക്ഷിക്കാനാവും എന്നത് ശാസ്ത്രലോകത്തിന് ലഭിച്ച അപൂർവ അവസരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രഹസംഗമം കൂടി ഈ കാലത്തിെൻറ മറ്റൊരു പ്രത്യേകതയാണ്. രണ്ട് ഗ്രഹങ്ങൾ കൂടി ചൊവ്വയോടൊപ്പം ദൃഷ്ടിപഥത്തിൽ ഉണ്ട്. വ്യാഴവും ശനിയുമാണവ. നല്ല രീതിയിൽ തിളങ്ങുന്ന ഗോളം വ്യാഴവും അൽപം പ്രഭകെട്ട ഗോളം ശനിയുമാണ്.
രാത്രി 12ഒാടെ ഈ രണ്ട് ഗ്രഹങ്ങളും അസ്തമിക്കും. ഡിസംബർ മാസംവരെ ഇവയും ഭൂമിയുടെ ദൃഷ്ടിപഥത്തിലുണ്ടാവും.