ഇസ്‌ലാമാബാദ് ∙ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭത്തിൽ സാധാരണക്കാർക്ക് നേരെ വെടിവയ്പ്പ്. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ പ്രക്ഷോഭത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാരായ പൗരന്മാർക്കു നേരെ പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്‌ലിം കോൺഫറൻസുമാണ് വെടിവയ്പ്പ് നടത്തിയത്.
പ്രക്ഷോഭകാരിക്ക് നേരെ തുടർച്ചയായി വെടിവയ്പ്പ് നടത്തുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാൻ പതാക വീശി പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും വിഡിയോയിൽ കാണാം. ഇസ്‌ലാമാബാദിൽ നിന്നും ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായാണ് റിപ്പോർട്ടുകൾ.
‘‘70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കു വേണ്ടിയാണ് ഞങ്ങളുടെ പ്രചാരണം. അവകാശങ്ങൾ നേടിയെടുക്കും. പണിമുടക്ക് പ്ലാൻ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാൻ ഡി വരെ പദ്ധതിയിട്ടിട്ടുണ്ട്’’ – അവാസി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.

