മണി രത്നം ചിത്രം ‘പൊന്നിയിൻ സെൽവനും’ തമിഴ് ഹിറ്റ് ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കും ഒരേ ദിവസം തിയേറ്ററുകളിൽ റീലീസ് ആകാൻ ഒരുങ്ങുകയാണ്. ‘വിക്രം വേദ’യുടെ പ്രൊമോഷൻ പരിപാടികൾക്കിടെ സംവിധായകരിൽ ഒരാളായ പുഷ്കർ ചിത്രത്തിന്റെ വിജയത്തേക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൊന്നിയിൻ സെൽവൻ ഒരു ക്ലാസിക് ആണെന്നും അതിനെ തോൽപ്പിക്കാനാകില്ല എന്നുമായിരുന്നു പുഷ്കറിന്റെ പ്രതികരണം. സംവിധായകന്റെ മറുപടി കേട്ട് ഞെട്ടുന്ന ഹൃതികിന്റെ വീഡിയോ വൈറലാണ്.
ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതിനാൽ വിക്രം വേദയുടെ പ്രതീക്ഷകൾ എന്താണ് എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. “പൊന്നിയിൻ സെൽവൻ ഒരു ക്ലാസിക് കഥയാണ്. അതിനെ തോൽപ്പിക്കാനാകില്ല. ആറ് ഭാഗങ്ങളിലുള്ള പുസ്തകം ഒരുപാട് നാളുകൾക്ക് മുൻപ് വായിച്ചിട്ടുള്ളതാണ്. ചെന്നൈയിൽ നിന്നുള്ള ഓരോ എഴുത്തുകാരനും പ്രചോദനമാണ് ആ പുസ്തകം. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്തിട്ടുണ്ട്. അവർ അവരുടേതും. നമുക്ക് നോക്കാം. ആളുകൾ രണ്ട് ചിത്രങ്ങളും പോയി കാണുമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്തായാലും പോയി കാണും,” എന്നായിരുന്നു പുഷ്കർ പറഞ്ഞത്. താൻ പുസ്തകം വായിച്ചിട്ടില്ലെന്നും, തനിക്ക് വിക്രം വേദയാണ് മികച്ചത് എന്നുമായിരുന്നു ഹൃതിക് അതിന് നൽകിയ മറുപടി.
വിക്രം വേദ തമിഴിൽ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കർ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിർവഹിക്കുന്നത്. തമിഴ് ചിത്രം ബോക്സ് ഓഫീസിൽ 60 കോടിയാണ് നേടിയത്. ഹിന്ദി പതിപ്പിനും ഇതേ വിജയം സ്വന്താമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. അതേസമയം പൊന്നിയിൻ സെൽവന്റെ ഞായറാഴ്ച ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിൽ വലിയ പ്രതികരണം ഉണ്ട്. പ്രീ ബുക്കിംഗിലൂടെ ഇതിനോടകം 11 കോടിക്കും മുകളിൽ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 79000ത്തിനടുത്ത് ടിക്കറ്റുകൾ വിറ്റുപോയെന്ന സൂചനകളുണ്ട്.