ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ്.എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നുണ്ട്.കൊല്ലപ്പെട്ട സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി മുഹമ്മദ് ഫാസില്‍ (30) ന്റെ സംസ്‌കാരം ഇന്ന് നടക്കും തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.ഫാസിലിന്‍റെ കൊലപാതക കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.സൂറത്കല്ലില്‍ റെഡിമെയ്ഡ് കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു.. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ മരിച്ചു. ഇയാൾ എസ് ഡി പി ഐ പ്രവർത്തകനാണെന്നാണ് സൂചന.സൂറത്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുല്‍ത്കല്‍, മുല്‍കി, ബാജ്‌പെ, പനമ്പുര്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്’ മംഗളൂരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.ക്രമസമാധാന താത്പര്യം മുന്‍നിര്‍ത്തി പ്രാര്‍ഥനകള്‍ വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് പോലീസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മംഗളൂരു പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള എല്ലാ മദ്യ ഷാപ്പുകളും വെള്ളിയാഴ്ച അടച്ചിടാന്‍ നിര്‍ദേശമുണ്ട്.
സംഭവത്തിന് പിന്നാലെ സൂറത്കലില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.