ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നുവന്നത്.സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇടപെട്ടു.ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് സൂചന.
കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്.പ്രഭാതസവാരിക്കിടെ തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.