
ചരിത്രത്തിലാദ്യമായി ഒരു കൃസ്ത്യന്‍ പള്ളിയില്‍ ശവസംസ്കാര ചടങ്ങുകള്‍ക്കായി ചിതയൊരുക്കിയെന്ന് ഖ്യാതി നേടുകയാണ് മാരാരിക്കുളം സെന്റ് അഗസ്‌ത്യന്‍സ് പള്ളി. ലത്തീന്‍ സഭ ആലപ്പുഴ രൂപതയാണ് സെമിത്തേരികളില്‍ കോവിഡ് മൃതദേഹം ദഹിപ്പിക്കാന്‍ ധീരമായ തീരുമാനമെടുത്തത്. മാരാരിക്കുളത്തിന് പിന്നാലെ ആലപ്പുഴ കാട്ടൂര്‍ സെന്റ്‌മൈക്കിള്‍സ് പള്ളി സെമിത്തേരിയിലും സമാനമായ ചിതയൊരുങ്ങി. ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്ബിലാണ് പരമ്പരാഗതമായ മത ചിട്ടകള്‍ മറ്റിവച്ച് സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെത്ത് മാറി ചിന്തിക്കാന്‍ തയ്യാറായത്. പരമ്പരാഗത രീതിയിലെ മാറ്റമായതിനാല്‍ റോമില്‍ നിന്നും അനുമതിയും തേടിയായിരുന്നു അന്ത്യശൂശ്രൂഷകള്‍ ഉള്‍പ്പെടെ നടത്തിയായിരുന്നു മൃതദേഹങ്ങള്‍ ദഹിപ്പിച്ചത്. തിങ്കളാഴ്‌ച്ച മരിച്ച കാനാശേരിയില്‍ ത്രേസ്യാമ്മ (62)യുടെ മൃതദേഹമായിരുന്നു മാരാരിക്കുളം പള്ളിയിലെ സെമിത്തേരിയില്‍ ദഹിപ്പിച്ചത്. കെഎല്‍സിഎ ആലപ്പുഴ രൂപതാ ജനറല്‍ സെക്രട്ടറി ഇ വി രാജു ചിതയ്‌ക്ക് തീകൊളുത്തി. കാട്ടൂര്‍ സെന്റ്‌മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ തെക്കേത്തൈയ്യില്‍ മറിയാമ്മ (80) യെയും ദഹിപ്പിച്ചു. ഇതിന് ശേഷം ചിതാഭസ്‌മം സെമിത്തേരികളില്‍ സംസ്‌കരിക്കുന്ന ചടങ്ങും നടന്നു.
കോവിഡ് രോഗികളുടെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമാണ് സംസ്‌കരിക്കേണ്ടത്. ഇതിനായി ചുരുങ്ങിയത് 12 അടി താഴ്‌ചയില്‍ കൂഴിയെടുക്കേണ്ടി വരും. മഴക്കാലത്ത് ആലപ്പുഴ പോലുള്ള തീരമേഖലയില്‍ അപ്രായോഗിമാണ് ഇക്കാര്യം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലത്തീന്‍ സഭയുടെ തീരുമാനം.
കോട്ടയത്ത് കോവിഡ് ബാധിച്ച മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി സ്ഥലം കൗണ്‍സിലറായി ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിച്ച സംഭവത്തിന് പിന്നാലെയാണ് സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. ആലപ്പുഴ ലത്തീന്‍ രൂപതയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ഇതിനോടകം നിരവധി പേരും രംഗത്തെത്തി. ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് തീരുമാനത്തോട് പ്രതികരിച്ചത്, ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

