പ്രളയത്തിൽ തകർന്ന വീടിന് വ്യാജ റിപ്പോർട്ട് നൽകി ധനസഹായം തടഞ്ഞതിൽ പ്രതിഷേധിച്ച് പെരുവയൽ വില്ലേജ് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. പെരുവയൽ പഞ്ചായത്ത് പത്താം വാർഡിൽ മണ്ണാറക്കൽ കുഞ്ഞുലക്ഷ്മിയുടെ വീടിനാണ് ധനസഹായം നിഷേധിച്ചത്. 2019ലെ പ്രളയത്തിലാണ് വീട് പൂർണ്ണമായും തകർന്നത്. ഇതേ തുടർന്ന് അയൽവാസി സൗകര്യം ചെയ്ത മറ്റൊരു വീട്ടിലാണ് താൽക്കാലികമായി താമസിച്ച് വരുന്നത്.
ധനസഹായത്തിന് അപേക്ഷ നൽകിയിട്ടും അവ ലഭ്യമാവാത്തതിനെ തുടർന്ന് കലക്ട്രേറ്റിൽ ബന്ധപ്പെട്ടതായും ആൾ താമസമില്ലാത്ത വീടാണ് എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ധനസഹായം ലഭിക്കാത്തത് എന്നുമുള്ള വിവരമാണ് ലഭിച്ചതെന്നും കുഞ്ഞു ലക്ഷ്മിയുടെ മകൻ ഷാജി പറഞ്ഞു. വില്ലേജ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ വാർഡ് മെമ്പറാണ് അത്തരം ഒരു വിവരം നൽകിയതെന്ന് വ്യക്തമാക്കിയതായും ഷാജി പറഞ്ഞു.
ഇതേ തുടർന്നാണ് ഗുരുതര പരാതിയുമായി ഷാജി രംഗതെത്തിയത്.
അർഹതപ്പെട്ട കുടുംബത്തിന് ധനസഹായം തടഞ്ഞ് അവരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിട്ടതിന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും ധനസഹായം ഉടൻ അനുവദിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. മാർച്ച് പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ സി.എം.സദാശിവൻ ഉദ്ഘാടനം ചെയ്തു. ഉനൈസ് പെരുവയൽ അദ്ധ്യക്ഷത വഹിച്ചു. എൻ. അബൂബക്കർ ,പി.കെ.ഷറഫുദ്ദീൻ, സി.കെ. ഫസീല ,വിനോദ് എളവന പ്രസംഗിച്ചു.