ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ കഠ്‌വയ്ക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായി റിപ്പോര്‍ട്ട്. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ആക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് വെടിവെച്ചിടുകയായിരുന്നു. ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച്ച പുലര്‍ച്ചെ രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ പട്രോളിംഗ് ടീമിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് സംഘം ഉടന്‍തന്നെ ഇതു വെടിവച്ചിട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏഴു സ്റ്റിക്കി ബോംബുകള്‍ ഡ്രോണില്‍നിന്ന് കണ്ടെത്തിയത്. ഇതിനു പുറമെ ഏഴ് അണ്ടര്‍ ബാരല്‍ ഗ്രനേഡുകളും കണ്ടെത്തി.
ബസുകളും വാഹനങ്ങളും ആക്രമിക്കുന്നതിനായി പ്രധാനമായും തീവ്രവാദികള്‍ ഉപയോഗിക്കുന്നത് സ്റ്റിക്കി ബോംബുകളാണ്. ബോംബുകള്‍ കൂടാതെ ഡ്രോണില്‍ നിന്ന് കണ്ടെത്തിയ പൊതിയില്‍ ലഹരി വസ്തുക്കളാണെന്നാണ് വിവരം. പാകിസ്ഥാന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങള്‍ കടത്തുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കാശ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്ര തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണിലെ സ്ഫോടകവസ്തുക്കള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമാക്കിയുളളതാണെന്നാണ് പൊലീസ് അറിയിക്കുന്നത്.