ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക് സബാഷ് മിത്തു ജൂലായ് 15 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്ന തപ്‌സി പന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ, ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത് മുഖർജിയാണ്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
പ്രിയ ആവെൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത് സിർഷ റോയിയാണ് . ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്.