തെന്നിന്ത്യൻ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മണിരത്നത്തിൻറെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2022ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ പൊന്നിയൻ സെൽവൻറെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. പാണ്ഡ്യ യോദ്ധാക്കളുടെ പിടിയിൽ അകപ്പെട്ട അരുൾമൊഴി വർമ്മനും വന്തിയതേവനും കടലിൽ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവർക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമൂഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവർ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകും.
2023 ഏപ്രിൽ 28ന് വേനൽ അവധി കാലത്താകും സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. കൽക്കി കൃഷ്ണ മൂർത്തിയുടെ വിഖ്യാത നോവലായ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്. ലൈക പ്രൊഡക്ഷൻസും മദ്രാസ് ടോക്കീസും ചേർന്ന് നിർമ്മിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണം നേടിയിരുന്നു.
വിക്രം, കാർത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാർ , പാർത്ഥിപൻ, റഹ്മാൻ, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാൽ, ജയറാം തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ.ആർ റഹ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

