കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയാ ഗാന്ധി ഉയര്‍ത്തിയ പാര്‍ട്ടി പതാക താഴെ പതിച്ചു.
രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നതിന് ശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.
സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയര്‍ത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളും പതാകാ വന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു.

