ബഹിരാകാശത്ത് അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വന്ന് ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍. ഇന്ത്യ 2018 ജനുവരിയില്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ് V ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മീറ്ററുകള്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍ വന്നത്. ഇരുരാജ്യങ്ങളിലെയും ബഹിരാകശ ഏജന്‍സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
റഷ്യന്‍ ബഹികാരാശ ഏന്‍ജിയായ റോസ്‌കോസ്‌മോസ് വെള്ളിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടകരമായ രീതിയില്‍ കാര്‍ട്ടോസാറ്റ് 2എഫ് കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്നാണ് റോസ്‌കോസ്‌മോസ് പറയുന്നത്. 224 മീറ്റര്‍ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും റോസ്‌കോസ്‌മോസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ നാല് ദിവസമായി ഉപഗ്രഹം നിരീക്ഷിച്ചുവരുകയാണെന്നും റഷ്യന്‍ ഉപഗ്രഹത്തില്‍ നിന്ന് 420 മീറ്റര്‍ അകലെയാണിതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ഒരെപോലെ ഉപഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ സാഹചര്യം ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിക്കുകയാണ് പതിവ്. അടുത്തിടെ ഒരു സ്‌പെയിന്‍ ഉപഗ്രഹവുമായും സമാനമായ സാഹചര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളും ഇത് പരിഹരിച്ചു. ഇത്തരം കാര്യങ്ങള്‍ സാധാരണ പരസ്യപ്പെടുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.