കുന്ദമംഗലത്ത് സ്ഥാപിച്ച സിറ്റി സര്‍വ്വയലന്‍സ് സിസ്റ്റത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതായും സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേകാനുമതി ലഭിക്കുന്നമുറക്ക് ആയത് പ്രാവര്‍ത്തികമാവുമെന്നും പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ ചെലവിലാണ് പദ്ധതി സ്ഥാപിച്ചത്.
വൈദ്യുതി ലഭ്യമാക്കാമെന്ന വ്യാപാരികളും പോലീസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഇടങ്ങളില്‍ നിന്ന് എടുത്ത വൈദ്യുതി കണക്ഷനുകളും വ്യാപാരികള്‍ ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചത്. ആയത് ഏത് സമയത്തും അവര്‍ക്ക് ഓണ്‍ ചെയ്യാവുന്നതാണ്.
വൈദ്യുതി തുടര്‍ന്നും നല്‍കാന്‍ വ്യാപാരികള്‍ സന്നദ്ധമാവാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്ന് വൈദ്യുതി കണക്ഷന്‍ എടുത്ത് നല്‍കുന്നതിന് തീരുമാനമെടുത്തത്. ഇക്കാര്യം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളില്‍ പെട്ടതല്ലാത്തതിനാല്‍ പ്രത്യേകാനുമതി ഉത്തരവിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
കുന്ദമംഗലത്ത് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കുന്നതിന് തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് ക്യാമറ സംവിധാനം ഈ യൂണിറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.