കിംഗ് ഓഫ് കൊത്തയ്ക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങൾക്കെതിരെ നടി നൈല ഉഷ. തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലാണ് നൈല കൂടി അഭിനയിച്ച ചിത്രത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ താരം പറയുന്നത്.
‘‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നു തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എനിക്ക് തോന്നുന്നില്ല. എല്ലാവരും സിനിമ തിയറ്ററിൽ കാണട്ടെ, അവർക്കതിനുള്ള അവസരം കൊടുക്കൂ. എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടന്റെ സിനിമ രണ്ടുവർഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുകയല്ലേ. അവർ കണ്ട് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കട്ടേ.’’ നൈല ഉഷ പറഞ്ഞു.
ഇവർ വലിയ ആളുകളുടെ മക്കൾ ആണെന്നും അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നും പറഞ്ഞ് വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് നൈല ഉഷ അഭിപ്രായപ്പെട്ടു. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ താൻ പറയൂ. തനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിങ് ഓഫ് കൊത്ത. സ്വയം അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാൻ അല്ല താൻ.പക്ഷേ കിംഗ് ഓഫ് കൊത്ത തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നൈല ഉഷ കൂട്ടിച്ചേർത്തു.
വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.