ജോസ് കെ മാണിയെ എല്‍ഡിഎഫ് മുന്നണിയിലേക്ക് സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും. യുഡിഎഫ് അന്തഛിദ്രത്തിന്റെ മുന്നണിയാണ്. അതുകൊണ്ടു തന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫ് കക്ഷിയാകില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ കോടിയേരി പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തിയത് മുന്നണിയിലെ പ്രതിസന്ധി പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായ രാഷ്ട്രീയ സംഭവ വികാസമാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിര്‍വരമ്ബും കടന്നിരിക്കുന്നു. ഇത്തരം സംഭവ ഗതികള്‍ യുഡിഎഫിന്റെ ശക്തിയെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.

