ന്യൂഡൽഹി∙ അധികാരത്തോടുള്ള അത്യാർത്തിയാൽ, സ്ത്രീകളുടെ അന്തസ്സും രാജ്യത്തിന്റെ ആത്മാഭിമാനവും കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് അദ്ദേഹത്തിന്റെ വിമർശനം.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളും വിഡിയോയിൽ ചേർത്തിട്ടുണ്ട്. മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം, ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, ബിജെപി നേതാവിന്റെ മകൻ പ്രതിയായ ഉത്തരാഖണ്ഡിലെ യുവതിയുടെ കൊലപാതകം, ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം തുടങ്ങിയ സംഭവങ്ങളാണ് വിഡിയോയിൽ പരാമർശിക്കുന്നത്.
‘‘സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. അധികാരത്തോടുള്ള അത്യാർത്തിയിൽ, ബിജെപി സ്ത്രീകളുടെ അന്തസ്സും രാജ്യത്തിന്റെ ആത്മാഭിമാനവും കൊണ്ട് കളിക്കുകയാണ്’’– രാഹുൽ ഗാന്ധി വിഡിയോയ്ക്കൊപ്പം കുറിച്ചു. മണിപ്പുർ വിഷയത്തിൽ, കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ തുടർച്ചയായ ആക്രമണത്തിനിടയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. .