സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
വ്യവസായം, ഐടി, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അദ്ദേഹത്തെ നീക്കിയതിന് പിന്നാലെ മമത ബാനര്‍ജി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ഥയെ മാറ്റിയേക്കുമെന്നാണു വിവരം. പാര്‍ട്ടി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു.
അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.