ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കമാന്‍ഡോ സ്‌ക്വാഡ് രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കമാന്‍ഡോ സ്‌ക്വാഡിന് പൂര്‍ണ്ണമായും സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം.
അതേസമയം, കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്.
രാജി സമ്മര്‍ദവുമായി യുവമോര്‍ച്ച നിലപാട് കടുപ്പിക്കുകയാണ്. കൂടുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാജികത്ത് നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ ആണ് ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നല്‍കിയത്.