ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് നിർദേശിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു.
ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും എല്ലാവര്‍ക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ”പൊതുവ്യക്തിനിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്‌ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. വോട്ടുബാങ്ക്രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് സമീപകാലത്ത് പൊതുവേദിയില്‍ ആദ്യമായാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്.