താരസംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ അംഗത്വഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് ജോയ് മാത്യു. ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും മാന്യമായ മറ്റൊരു ക്ലബിൽ തനിക്ക് അംഗത്വമുണ്ട് എന്നും ജോയ് മാത്യു കത്തിൽ പറയുന്നു. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിംഗിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സംഘടനയുടെ ജനറൽ സെക്രട്ടറി ആയ ഇടവേള ബാബു ‘അമ്മ’ എന്ന സംഘടന ക്ലബ് ആണ് എന്ന പരാമർശം നടത്തിയത്. ഇതേ തുടർന്ന് ഗണേഷ് കുമാർ, ഷമ്മി തിലകൻ, ഹരീഷ് പേരടി എന്നിവർ എതിർപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.
കത്തിൻറെ പൂർണരൂപം ഇങ്ങനെ
ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി,
കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ തൊഴിൽപരമായ ബാധ്യതകളാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തിൽ താങ്കൾ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവർത്തനങ്ങൾ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.ക്ലബ്ബിന്റെ പ്രവർത്തന രീതിയും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ.നിലവിൽ മാന്യമായ മറ്റൊരു ക്ലബ്ബിൽ അംഗത്വം എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു
എന്ന്
ജോയ് മാത്യു
(ഒരു സാദാ മെമ്പർ )