പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമായി നടി മഞ്ജു വാരിയർ രംഗത്ത്.നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓർമകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ
ലോഹിതദാസിനെ കുറിച്ച് മഞ്ജു വാരിയർ
ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക… ‘ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത് ‘! ഉറപ്പാണ്, കഥകൾക്ക് വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യർ ‘തനിയാവർത്തനത്തിലെ’ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓർമകൾക്ക് പ്രണാമം…

