ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യന്‍ ഖാനെ മനപ്പൂർവം കുടുക്കുകയെന്ന ഉദ്ദേശത്തോടെ സമീർ വാങ്കടെ പ്രവർത്തിച്ചെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും എന്‍സിബി ഉന്നത ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കേന്ദ്രം നിർദേശം നല്‍കി.
സുഹൃത്ത് അർബാസില്‍നിന്നും പിടികൂടിയ ആറ് ഗ്രാം ചരസ് ആര്യന്‍ ഖാന് വേണ്ടി കൊണ്ടുവന്നതാണെന്ന് തെളിവും ലഭിച്ചില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കടേ കേസില്‍ ആര്യന്‍ ഖാനെ എങ്ങനെയെങ്കിലും കുടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തിച്ചതെന്ന് ആഭ്യന്തര റിപ്പോർട്ടില്‍ പറയുന്നു. മുന്‍വിധികളോടെയും വാട്സ് ആപ്പ് ചാറ്റുകൾ മാത്രം അടിസ്ഥാനമാക്കിയുമുള്ള കേസന്വേഷണത്തില്‍ പിഴവുകളുണ്ടായെന്ന് എന്‍സിബി ഡയറക്ടർ ജനറല്‍ എസ് എന്‍ പ്രധാന്‍ പറഞ്ഞു. എന്‍ഡിപിഎസ് കേസുകളില്‍ തെളിവുകളാണ് മുഖ്യം. വാട്സാപ്പില്‍ എന്തിനെകുറിച്ചും ആളുകൾക്ക് സംസാരിക്കാം. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയില്ലെങ്കില്‍ കേസിന് നിലനില്‍പ്പില്ല. എന്‍ഡിപിഎസ് കേസുകളില്‍ മുന്‍വിധികൾക്കും സാധ്യതകൾക്കും സ്ഥാനമില്ലെന്നും എന്‍സിബി തലവന്‍ വ്യക്തമാക്കി