
എക്സാലോജിക്- സി.എം.ആര്‍.എല്‍.(കൊച്ചിൻ മിനറൽസ് ആന്റ് റൂടൈൽ ലിമിറ്റഡ്) ഇടപാട് കേസിലെ വിധിയില്‍ നിരാശയില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.”അഴിമതിയ്‌ക്കെതിരേയുള്ള പോരാട്ടം തുടരും. ഞാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. മുഖ്യമന്ത്രിയ്‌ക്കെതിരായ കേസാണ്. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിക്കെതിരേ ഏതറ്റംവരെയും പോരാടും.”- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.