അഴിമതിക്ക് കടിഞ്ഞാണിടുമെന്ന് അര്‍ത്ഥമാക്കുന്ന ‘തിന്നുകയുമില്ല, മറ്റാരെയും തിന്നാന്‍ അനുവദിക്കുകയുമില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് ശശി തരൂർ. ബീഫിനെ കുറിച്ച് മാത്രമായിരിക്കാം തിന്നുകയുമില്ല മറ്റാരേയും തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ബിജെപിയില്‍ ചേരും മുമ്പ് അഴിമതി ആരോപണങ്ങള്‍ നേരിട്ട നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക പങ്ക് വെച്ച് കൊണ്ട് തരൂർ ട്വിറ്ററിൽ കുറിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയ നേതാക്കള്‍ നേരിട്ടിരുന്ന അഴിമതി ആരോപണങ്ങള്‍ ബിജെപിയിലെത്തിയപ്പോൾ തേഞ്ഞുമാഞ്ഞുപോയെന്ന് തരൂർ പറഞ്ഞു.
പട്ടികയിലെ ആദ്യ സ്ഥാനത്തുള്ള നാരയണ്‍ റാണ ശിവസേനയിലും കോൺഗ്രസിലും പ്രവർത്തിക്കുന്ന സമയത്ത് കള്ളപ്പണം വെളുപ്പിക്കല്‍ ഭൂമി തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ 2019-ല്‍ ബിജെപിയില്‍ ചേര്‍ന്നതോടെ റാണക്കെതിരായ അന്വേഷണം അവസാനിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി നാരദ കേസില്‍ അന്വേഷണം നേരിടുന്നയാളായിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിനെതിരായ അന്വേഷണം നിലച്ചു.
ലൂയിസ് ബര്‍ഗര്‍ കേസ് എന്നറിയപ്പെടുന്ന ഗുവാഹത്തിയിലെ ജലവിതരണ കുംഭകോണത്തില്‍ ഹിമന്ത ബിശ്വ ശര്‍മ അഴിമതിയാരോപണം നേരിട്ടിരുന്നു. ശര്‍മയ്ക്കെതിരെ ബിജെപി വലിയ പ്രചാരണങ്ങളും നടത്തിയിരുന്നു. 2015-ല്‍ ബിജെപിയില്‍ അദ്ദേഹം ചേര്‍ന്നു. ഇതോടെ അത് സംബന്ധിച്ച അന്വേഷണവും നിന്നു.
ശിവസേന എംഎല്‍എയ്ക്കും എംപിക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടന്നിരുന്നു. എന്നാല്‍ സേന പിളര്‍ന്ന് ഇവര്‍ ഷിന്ദേ പക്ഷത്തിനൊപ്പം നിന്നതോടെ അതെല്ലാം ആവിയായി പോയെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
മദ്യനയ കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം സി ബി ഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്.