കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന പേര് ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനോ ഇട്ട പേരല്ലെന്ന് സിനിമയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വന്ന ചോദ്യത്തിന് മറുപടിയായി സംവിധായകൻ ശരത് ജി. മോഹനൻ.
ചിത്രത്തിന്റെ പേര് വളരെ ശ്രദ്ധേയമാണ്. പൃഥ്വിരാജിന്റെ വളരെ പ്രസിദ്ധമായ ഒരു ഡയലോഗിനെയാണ് ചിത്രത്തിന്റെ പേര് ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പേര് പ്രേമോഷന്റെ ഭാഗമായി ഇട്ടതാണോയെനന്നായിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ”ഇത് പ്രെമോഷന്റെ ഭാഗമല്ല, ചിത്രത്തിലെ നായക കഥാപാത്രമായ രൂപേഷ് രാഘവൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അങ്ങനെയാണ് ‘കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിംഗ്’ എന്ന പേര് കിട്ടിയത്” സംവിധായകൻ പറഞ്ഞു.
ഒരു ഫാമിലി ത്രില്ലർ സിനിമയാണ് ‘കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ്’. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ജനങ്ങൾ ഈ ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും അങ്ങനെയാണ് ചിത്രവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും നിർമ്മാതാവ് മോനു പഴയേടത്ത് പറഞ്ഞു.
ചിത്രം ജനുവരി 28 നു റിലീസ് പ്രതീക്ഷച്ചെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ പ്രദർശനം മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററിൽ വിജയമായിരിക്കും എന്നും അതിനാലാണ് തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും പറയുന്നു. ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ രചന സംവിധായകൻ തന്നെയാണ് നിർവഹിക്കന്നത്. ആദ്യ പ്രസാദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.