ഹൈന്ദവ ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയ്ക്ക് മൂന്നാമതും ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഫാറൂഖി തെറ്റ് ചെയ്തിട്ടില്ലെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന മുനവ്വറിന്റെ വാദം കോടതി തള്ളി. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോടതി പറഞ്ഞു. നേരത്തേ രണ്ട് തവണ കീഴ്ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി ഉള്‍പ്പടെ അഞ്ച് പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ ഗൗര്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. ജനുവരി ഒന്നിന് ഇന്‍ഡോറിലെ ഒരു കഫേയില്‍ വച്ച് നടത്തിയ പരിപാടിയില്‍ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി.
അതേസമയം, ഫാറൂഖി മതവികാരം വ്രണപ്പെടുത്തി എന്ന പരാതി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇല്ലെന്ന് ഇന്‍ഡോര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കമലേഷ് ശര്‍മ പറഞ്ഞതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫാറൂഖി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് കേട്ടിരുന്നു. അതുകൊണ്ടാണ് ടിക്കറ്റെടുത്ത് കയറിയതെന്നും പരിപാടിയില്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അധിക്ഷേപിച്ചു എന്നുമാണ് അറസ്റ്റിനു പിന്നാലെ ഏകലവ്യ ഗൗര്‍ പ്രതികരിച്ചത്.

