പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നിടെ പാത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയും കർഷകരുടെ പ്രതിഷേധം. ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിക്കുന്നത്.ഈ വർഷത്തിലെ അവസാനത്തെ മൻ കി ബാത്താണ് ഇന്നത്തേത്. മൻ കി ബാത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകരെ പിന്തുണക്കുന്ന എല്ലാവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും കർഷകർ അഭ്യർഥിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ വാക്കുകൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകാത്തതിനെ തുടർന്നാണ് പ്രതിഷേധം. ഒരു മാസമായി നടക്കുന്ന കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രതികരണങ്ങളും മോദി നടത്തിയിട്ടില്ല. അതേസമയം, പ്രതിഷേധിക്കുന്നത് കർഷകരല്ലെന്നും വിവിധ പ്രതിപക്ഷ പാർട്ടികളാണെന്നും ആരോപിച്ചിരുന്നു.