ഹോങ്കോങ് ഹോങ്കോങ്ങിലെ തായ് പോ ജില്ലയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. 279 പേരെ കാണാനില്ല. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളില്‍ തീ പടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. ഉച്ചയ്ക്ക് 02: 50ന് ആരംഭിച്ച അഗ്നിബാധ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇത് മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

