ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ. ചന്ദ്രയാൻസോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്നും ശിവശക്തി പോയിന്റിൽ 108.4 സ്ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആർ ഒ.
2.06 ടൺ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേർച്ച് പേപ്പറിൽ വെളിപ്പെടുത്തുന്നു. സോഫ്റ്റ് ലാൻഡിങിനു മുൻപും ശേഷവും ഓർബിറ്റർ ഹൈ റസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.
ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. അത് ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെ ചന്ദ്രന്റെ രഹസ്യങ്ങൾ അറിയാനുള്ള ആകാംഷയിലായിരുന്നു ശാസ്ത്ര സമൂഹവും ലോകവും. കൃത്യം 10 ഭൗമദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. സെപ്റ്റംബർ 4ന് ലാൻഡറും റോവറും സ്ലീപ് മോഡിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ ചന്ദ്രനിലെ അടുത്ത സൂര്യോദയത്തിൽ ലാൻഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമിച്ചിരുന്നെങ്കിലും സിഗ്നലുകൾ ലഭിച്ചില്ല.
ചന്ദ്രയാൻ മൂന്നിന് ഒരു തിരിച്ചുവരവുണ്ടാകുമോ? ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം വിജയകരമായി കൈമാറിയിട്ടുണ്ട്. വീണ്ടും ലൻഡറും റോവറും സ്ലീപ് മോഡിൽ നിന്ന് ഉണർന്നാൽ ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം. എന്നാൽ ചന്ദ്രനിലെ ദൗത്യങ്ങൾ തുടരാൻ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണരുമോ എന്ന ആകാംഷ ഇനിയും തുടരുകയാണ്.