ചെന്നൈ: ഒരുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഐപിഎല്‍ കരിയറിന് വിരാമമിട്ട് സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്സിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ ഇത്തവണ പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഐപിഎല്ലില്‍ നിന്നും കളമൊഴിഞ്ഞെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കുമെന്ന് താരം സൂചന നല്‍കി. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ട് എക്സിലൂടെയാണ് 38 കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു.
2009ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ഐപിഎല്ലില്‍ അരങ്ങേറിയ അശ്വിന്‍ കരിയറില്‍ 221 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 187 വിക്കറ്റുകള്‍ സ്വന്തമാക്കി. 833 റണ്‍സും സ്വന്തമാക്കി. ചെന്നൈയില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിങ്സിലേക്ക് ക്യാപ്റ്റനായെത്തിയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചശേഷം കഴിഞ്ഞ സീസണില്‍ ചെന്നൈയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 9.75 കോടിയ്ക്ക് ചെന്നൈയിലേക്ക് ചേക്കേറിയ വെറ്ററന്‍ സ്പിന്നര്‍ക്ക് ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
കഴിഞ്ഞ സീസണില്‍ ചെന്നൈ കുപ്പായത്തില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ ഏഴ് വിക്കറ്റുകളാണ് നേടിയത്. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ്, തമിഴ്നാട് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി മത്സരങ്ങളിലാകും അശ്വിന്‍ ഇനി കളിക്കുക.

