ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി വേദി അലങ്കരിക്കാൻ തമിഴ്‌നാട്ടിൽ നിന്നും നടരാജ ശിൽപം.28 അടി ഉയരമുള്ള നടരാജ ശില്‍പം നിര്‍മിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ്. 19 ടണ്‍ ഭാരമുള്ള ശില്‍പം ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗ്ഗം അയച്ചു. 10 കോടി രൂപയാണ് ശില്‍പത്തിന്‍റെ നിര്‍മാണ ചെലവ്. സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ എട്ടുലോഹങ്ങളാലാണ് ശില്പം നിർമിച്ചിരിക്കുന്നത്. പ്രമുഖശില്പിയായ ദേവസേനാപതി സ്ഥപതിയുടെ മക്കളായ ശ്രീകണ്ഠ സ്ഥപതി, രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി എന്നിവർ ചേർന്നാണ് ശില്പം നിർമിച്ചത്. പോളിഷ് ചെയ്യാത്ത പ്രതിമ പാക്ക് ചെയ്ത് ഡൽഹിയിലേക്ക് അയച്ചു. ശില്പത്തിൻ്റെ മിനുക്കുപണികൾ ഡൽഹിയിൽ വെച്ച് പൂർത്തീകരിക്കും. സെപ്റ്റംബർ ഒമ്പതിനും പത്തിനും ജി-20 ഉച്ചകോടി നടക്കുമ്പോൾ ഡൽഹിയിലെ പ്രഗതിമൈതാനിയിൽ ശില്പം തലയുയർത്തിനിൽക്കുമെന്ന് ശില്പിയായ സ്വാമിമലൈയിലെ ശ്രീകണ്ഠ സ്ഥപതി പറഞ്ഞു.ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്‍പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നല്‍കിയത്. ആറ് മാസം കൊണ്ട് ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കി.