വേള്‍ഡ് അലുമ്നി മീറ്റ് കോഴിക്കോട് എന്‍ ഐ ടി യില്‍ അരങ്ങേറി; എൻ.ഐ.ടി.സി വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
കോഴിക്കോട്: വിവിധ രാജ്യങ്ങളില്‍ നിന്നുളള പൂര്‍വ്വ വിദ്യാര്‍ഥികളുമായി മീറ്റിംഗ് സംഘടിപ്പിച്ച് എന്‍ ഐ ടി കാലിക്കറ്റ്. കാലിക്കറ്റ് ട്രേഡ് സെന്റർ, എന്‍ ഐ ടി കാലിക്കറ്റ് എന്നീ രണ്ട് വേദികളിലായി ഓഗസ്റ്റ് 26, 27 തിയതികളിലാണ് വേള്‍ഡ് നിറ്റ്കാ (എന്‍ ഐ ടി സി അലൂമിനി അസോസിയേഷൻ) മീറ്റ് നടന്നത്. എന്‍ ഐ ടി കാലിക്കറ്റിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പരിസമാപനവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയും ആയിരുന്നു നിറ്റ്കാ മീറ്റിന്റെ രണ്ടാം ദിവസ ചടങ്ങിന്റെ പ്രധാന അജണ്ട.
എന്‍ ഐ ടി ക്യാമ്പസിൽ രാവിലെ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ, പൂർവ്വ വിദ്യാർത്ഥി കൂടിയായ അനന്ത് ടെക്നോളജീസ് ചെയർമാൻ ഡോ സുബ്ബ റാവു പവുലുരി ആയിരുന്നു വിശിഷ്ടാതിഥി. പരിപാടിയില്‍ എന്‍ ഐ ടി ബോർഡ് ഓഫ് ഗവര്‍ണേഴ്സ് ചെയർമാൻ ശ്രീ ഗജ്ജാല യോഗാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സ്വയം പര്യാപ്തമായ ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ കനപ്പെട്ട സംഭാവനകൾ നൽകാൻ എൻ.ഐ.ടി യിലെ നിലവിലെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി. എസ്. സതീദേവി, നിറ്റ്കാ പ്രസിഡണ്ട് ശ്രീ കെ. എസ്. സുധാകരന്‍, നിറ്റ്കാ സെക്രട്ടറി ശ്രീ ജോസഫ് ഫിലിപ്സ്, ഡീന്‍ അലുമിനി അഫയേഴ്സ് ആന്‍ഡ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ഡോ പി. പി. അനില്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. എന്‍ ഐ ടി ഓര്‍മ്മച്ചിത്രങ്ങളുടെ പുസ്തകം ആയ ‘കോഫി ടേബിള്‍ ബുക്ക്’ ഡോ പ്രസാദ് കൃഷ്ണ പ്രകാശനം ചെയ്തു.
എന്‍ ഐ ടി വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് അലുംമ്നി അസോസിയേഷൻ സാമ്പത്തിക നിക്ഷേപം ലഭ്യമാക്കും എന്ന് ഡോ സുബ്ബ റാവു പവുലുരി പ്രഖ്യാപിച്ചു. ഉപചാര പ്രസംഗത്തില്‍ ഡോ പ്രസാദ് കൃഷ്ണ ക്യാമ്പസിലെ പല സൗകര്യങ്ങളും സ്പോണ്‍സര്‍ ചെയ്തതിന് അലുമിനി ബാച്ചുകളോടും നിറ്റ്കായോടും കൃതജ്ഞത പ്രകടിപ്പിച്ചു.
യോഗത്തിന്റെ ഭാഗമായി, പൂർവ വിദ്യാർത്ഥികളുടെ സാമ്പത്തിക പിന്തുണയോടെ എന്‍ ഐ ടിയില്‍ പുതുതായി പണി കഴിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉത്ഘാടനം നടന്നു. പ്രകൃതി സൗഹൃദ ഗ്രീന്‍ ആംഫിതിയറ്റര്‍ നിറ്റ്കാ പ്രസിഡണ്ട് ശ്രീ കെ. എസ്. സുധാകരന്‍ ഉത്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സിസ്റ്റം (ഐ. എം. എ സ് ) ഗവേണിംഗ് ബോർഡ് ചെയർമാൻ ശ്രീ. ഗജ്ജല യോഗാനന്ദും, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ ഒ ടി ) ലാബ് മുഖ്യാതിഥി ശ്രീ. സുബ്ബറാവു പാവുലുരിയും ഉത്ഘാടനം നിര്‍വ്വഹിച്ചു.

