ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി നില്‍ക്കെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ഹേമന്ത് സോറന്‍. ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം.
ഹേമന്ത് സോറന്റെ വസതിയില്‍ രാവിലെ 11ന് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലഗേജുകളുമായാണ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും കുതിരക്കച്ചവടത്തിന് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാര്‍ഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സോറന്റെ തീരുമാനം.
തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 30 കി.മീ അകലെയുള്ള ഖുന്തിയിലേക്കാണ് മൂന്നു വോള്‍വോ ബസുകളിലായി എം.എല്‍.എമാരെ കൊണ്ടുപോയത്. ആവശ്യമെങ്കിൽ ബംഗാളിലേക്കോ ഛത്തീസ്ഗഡിലേക്കോ എംഎൽഎമാരെ മാറ്റുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം. ഛത്തീസ്ഗഡിലെ റായ്‌പുരിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ മുറികൾ ഒഴിപ്പിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 43 എം.എല്‍.എമാരെയാണ് മാറ്റിയത്.
അതിനിടെ, ഹേമന്ത് സോറന്റെ അയോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സോറനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ഗവർണർ രമേഷ് ബൈസ് തിരഞ്ഞെടുപ്പു കമ്മിഷന് ഇന്ന് അയച്ചേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല. റാഞ്ചിയിലെ സ്വന്തം ഖനിക്ക് ഭരണസ്വാധീനമുപയോഗിച്ച് സോറൻ അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് നടപടി.