Entertainment News

എന്റെ കുടുംബത്തെ കുറിച്ചാരും പറയണ്ട;വ്യാജ വാർത്തകൾക്കെതിരെ അർഥന ബിനു

സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വ്യാജമാണെന്ന ആരോപണവുമായി നടി അർഥന ബിനു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. എന്റെ ജീവിത സാഹചര്യങ്ങളോ ഞാന്‍ കടന്നു വന്ന വഴികളോ അറിയാത്ത ആളുകള്‍ക്ക് ഒരു വ്യാജവാര്‍ത്ത കണ്ടിട്ട് എന്നെ ഇത്തരത്തില്‍ പറയുവാന്‍ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബര്‍ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണെങ്കില്‍ പോട്ടെ, അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രശ്‌നമാകണം, ഇതില്‍ നാട്ടുകാര്‍ക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാന്‍ ഇവരൊന്നും ആരുമല്ല.- അര്‍ത്ഥന പറയുന്നു.

അര്‍ഥനയുടെ വാക്കുകള്‍ ഇങ്ങനെ:

നമസ്‌കാരം ഞാന്‍ അര്‍ത്ഥന ബിനു, എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതല്‍ ഒരു വ്യാജവാര്‍ത്ത പലപല തലക്കെട്ടുകളിലായി ഇടവേളകള്‍ വച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാര്‍ത്തയാണ് ആണ് ഇതില്‍ അവസാനത്തേത്. ആ വാര്‍ത്ത ഞാന്‍ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാര്‍ത്താ ലിങ്കുകളുടെ അടിയില്‍ വരുന്ന കമന്റുകള്‍ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാന്‍ ഇതുവരെ പ്രതികരിക്കാതിരുന്നത്.

പക്ഷേ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോള്‍ തോന്നുന്നു. ‘വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ താല്പര്യപ്പെടുന്നില്ല എന്ന് മകള്‍ അര്‍ഥന’, ഇതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാര്‍ത്താമാധ്യമത്തില്‍ കൊടുത്തിട്ടുണ്ട്. അതില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നത്.

2011–ല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ റോള്‍ മുതല്‍ ചെയ്താണ് ഞാന്‍ കടന്നു വന്നത്. പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തില്‍ ഞാന്‍ ഏറ്റവും പുറകില്‍ ഒരു ബാഗ് പിടിച്ചുകൊണ്ടു നില്‍ക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. 2016–ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷവും ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ എത്താന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ട്.

അതിനിടയില്‍ എന്നെ ഇമോഷനലി തകര്‍ത്ത് എന്റെ പ്രൊഫഷനല്‍ ജീവിതത്തില്‍ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വാര്‍ത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകള്‍ ആണ് ഈ വാര്‍ത്തകള്‍ക്കൊപ്പം വരുന്നത്.

എന്റെ ജീവിത സാഹചര്യങ്ങളോ ഞാന്‍ കടന്നു വന്ന വഴികളോ അറിയാത്ത ആളുകള്‍ക്ക് ഒരു വ്യാജവാര്‍ത്ത കണ്ടിട്ട് എന്നെ ഇത്തരത്തില്‍ പറയുവാന്‍ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബര്‍ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാന്‍ പറഞ്ഞിട്ടുള്ള കാര്യമാണെങ്കില്‍ പോട്ടെ, അല്ലെങ്കില്‍ ഒരു സാമൂഹ്യ പ്രശ്‌നമാകണം, ഇതില്‍ നാട്ടുകാര്‍ക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാന്‍ ഇവരൊന്നും ആരുമല്ല.

ഇതിനു മുന്‍പ് വന്ന പല തലക്കെട്ടുകളും കണ്ട്, വാര്‍ത്ത നോക്കിയാല്‍ അറിയാം ഇതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്. ചിലതില്‍ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എല്‍സ എന്നാണ് എന്ന്. എന്റെ പേര് അര്‍ഥന ബിനു എന്നാണ് അതിനര്‍ഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖല്‍ എല്‍സ എന്നാണ്, അതുകൊണ്ടു എല്‍സ എന്നാകുന്നില്ല.

പിന്നെ പലതിലും പറയുന്നത് എന്റെ ആദ്യ സിനിമ മുദ്ദുഗൗ ആണ് എന്നാണ്. ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലാണെന്ന്. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. ഈ വാര്‍ത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ല്‍ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങള്‍ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തില്‍ നിന്നും വിളിച്ചപ്പോള്‍ എന്റെ പേര് ചോദിച്ചു ഞാന്‍ അര്‍ഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവര്‍ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങള്‍ വിജയകുമാറിന്റെ മകള്‍ അല്ലെ’ എന്ന്.

‘അച്ഛനെപ്പറ്റി കൂടുതല്‍ പറയാന്‍ താല്പര്യപെടുന്നില്ല, ഓരോരുത്തര്‍ക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാന്‍ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുമ്പോള്‍ വിജയകുമാര്‍ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ താല്പര്യമില്ല എന്ന്. പിന്നെ അവര്‍ പലതും ചോദിച്ചു ഞാന്‍ മറുപടി പറഞ്ഞു. അതിനു ശേഷം ഞാന്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കണ്ട വാര്‍ത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാന്‍ താല്പര്യമില്ല എന്നാണ്.

അങ്ങനെ പലപല തലക്കെട്ടുകളിലായി വാര്‍ത്തകള്‍ വരുന്നുണ്ട്. 2016–ല്‍ ആദ്യമായി ഇങ്ങനെ ഒരു വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ വളരെ വിഷമിച്ചു. അന്ന് ഞാന്‍ അവരുടെ നമ്പര്‍ കണ്ടുപിടിച്ച് അവരെ വിളിച്ചു, ഇങ്ങനെ ഒരു ന്യൂസ് കാണുന്നു അത് വ്യാജവാര്‍ത്തയാണ് അത് ഡിലീറ്റ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞത് ഡിലീറ്റ് ചെയ്യാന്‍ പറ്റില്ല വേണമെങ്കില്‍ ഞാന്‍ വിജയകുമാറിന്റെ മകളാണ് എന്ന് അര്‍ഥന പറയുന്നതായി ഒരു ഇന്റര്‍വ്യൂ കൊടുക്കാം എന്നാണ്. അന്ന് ഞാന്‍ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലമാണ്.

അഭിനയം കണ്ട് പ്രേക്ഷകര്‍ എന്നെ വിലയിരുത്തിയാല്‍ മതി എന്നായിരുന്നു എന്റെ ആഗ്രഹം, ഞാന്‍ അന്ന് ആ കോള്‍ കട്ട് ചെയ്തു. പക്ഷേ ഈയിടെയായി ഈ വാര്‍ത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങള്‍ താമസിക്കുന്നത്. ഇത്രയും നാള്‍ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചന്‍ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.

നിങ്ങളൊക്കെ ജോലി ചെയ്യുന്നതുപോലെ എന്റെ ആഗ്രഹങ്ങളെ പിന്തുടര്‍ന്നാണ് ഞാനും ജീവിക്കുന്നത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങള്‍ക്കാര്‍ക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാന്‍ അത് അനുഭവിച്ചിട്ടില്ല.

പക്ഷേ സിനിമാമേഖലയില്‍ എനിക്ക് ബന്ധമുള്ള ഒരാള്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ ധൈര്യമായി നില്‍ക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ടു മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കില്‍ അവരെക്കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്തകളും കമന്റുകളും ഇടാതെ നോക്കുക. എല്ലാവരും പലതരത്തിലുള്ള പ്രശ്‌നങ്ങളുള്ളവരും അതിനെ അതിജീവിക്കാന്‍ നോക്കുന്നവരുമായിരിക്കും. മറ്റുള്ളവരെപ്പറ്റി അറിയാത്ത കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ നല്ലത് അവരെപ്പറ്റി മിണ്ടാതിരിക്കുകയാണ് അല്ലെങ്കില്‍ പിന്തുണച്ച് നല്ല വാക്കുകള്‍ പറഞ്ഞാല്‍ അത് അവര്‍ക്ക് ഒരുപാടു സഹായകമായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!